ഫോക്ക് സ്പോർട്സ് ഡേ 2023 - ഫാഹഹീൽ സോൺ ചാമ്പ്യന്മാർ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് ഡേ 17.03.2023 വെള്ളിയാഴ്ച്ച കൈഫാൻ അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 550 തിലധികം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്ത കുവൈറ്റിലെ പ്രവാസി കായികമേളയിൽ
359 പോയിന്റ് നേടി ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി. 261 പോയിന്റോടെ അബ്ബാസിയ സോൺ റണ്ണർ അപ്പ് ട്രോഫിയും 135 പോയിന്റോടെ സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ സോണലുകളിലേയും കായികതാരങ്ങൾ അണിനിരന്ന പ്രൗഡ ഗംഭീര മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥിയായി എത്തിയ കുവൈറ്റ് വോളിബോൾ ക്ലബ് ഹെഡ് കോച്ച് ഖാലിദ് അലി അൽ മുത്തൈരി സല്യൂട്ട് സ്വീകരിച്ച് ഫോക്കിന്റെ പതാക ഉയർത്തി.
സംഘടന അംഗങ്ങൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, ട്രഷറർ സാബു ടി.വി, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, b.P. സുരേന്ദ്രൻ വനിതാവേദി ചെയർപേഴ്‌സൺ സജിജാ മഹേഷ്, ഗോ ഫസ്റ്റ് എയർപോർട്ട് ഡ്യൂട്ടി മാനേജർ ഷമീർ, ഫ്രൻണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ശ്രീമതി ജൈൻ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. മെട്രോ മെഡിക്കൽ കെയർ ആംബുലൻസും, പ്രാഥമിക മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി. ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുവൈത്ത് ഡയറക്ടർ ശ്രീ. ദിലീപ് നായർ ചീഫ് റഫറിയായി കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ 8 കായിക അധ്യാപകർ മത്സരങ്ങൾ നിയന്ത്രിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 7 മണിയോടെ അവസാനിച്ചു